തുർക്കിയുടെ സയ്യിദ് ഖുതുബും മൗലാനാ മൗദൂദിയും
തുർക്കിയുടെ സയ്യിദ് ഖുതുബും മൗലാനാ മൗദൂദിയും
ആധുനിക തുര്‍ക്കിയില്‍ ഇസ്‌ലാമിക ചിന്തയുടെ വളര്‍ച്ചയിലും നവജാഗരണത്തിലും തുര്‍ക്കിഷ് വംശജരെ പോലെതന്നെ ഇസ്‌ലാമിക ലോകത്തെ പ്രമുഖ ചിന്തകരുടെയും സംഭാവനകള്‍ പ്രസ്താവ്യമാണ്. കമാലിസ്റ്റ്, സെക്കുലറിസ്റ്റ് രാഷ്ട്രീയ സാമൂഹിക ഘടനക്കെതിരെ ഇസ്‌ലാമിക ഭൂമികയില്‍ നിന്ന് ശബ്ദമുയര്‍ത്താന്‍ ഇവരുടെയും ചിന്തകള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്‌ലാമിക സാമൂഹിക ഘടന, സംസ്കാരം, സംസ്കരണം, രാഷ്ട്ര നിര്‍മ്മാണം എന്ന് തുടങ്ങി എല്ലാ മേഖലകളിലും ഈ പണ്ഡിതവര്യന്മാരുടെ ചിന്തകള്‍ സ്വാധീനിച്ചിട്ടുണ്ട്. സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി, സയ്യിദ് ഖുത്വുബ്, അലി ശരീഅത്തി എന്നിവരാണ് ഇവയില്‍ പ്രമുഖര്‍. 1950 കളില്‍ ബഹുകക്ഷിഭരണം തുര്‍ക്കിയില്‍ രൂപപ്പെടുത്തിയ സ്വതന്ത്രമായ സാമൂഹിക- രാഷ്ട്രീയ സാഹചര്യം ഇവരുടെ രചനകള്‍ തുര്‍ക്കിയില്‍ പ്രചാരം നേടാന്‍ കാരണമായി.
സയ്യിദ് ഖുത്വുബിന്‍റെയും മൗലാനാ മൗദൂദിയുടെയും രചനകള്‍ തുര്‍ക്കിയിലെ മിക്ക ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കും വിപ്ലവത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും രാഷ്ട്രീയ ഭാഷ ഒരുക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് കെനാന്‍ ചാഗിര്‍ എഴുതുന്നുണ്ട്. മസ്ജിദുകളോട് ചേര്‍ന്ന ചായക്കടകള്‍, വിദ്യാര്‍ഥി ഭവനങ്ങള്‍, ഇസ്‌ലാമിക് സിവില്‍ കൂട്ടായ്മകള്‍ എന്ന് തുടങ്ങിയ മത സംവിധാനങ്ങളെല്ലാം സെക്കുലര്‍ ഘടനയ്ക്കെതിരായ ഇസ്‌ലാമിക വ്യവഹാരങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നതില്‍ ഇവരുടെ ചിന്തകള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. തുര്‍ക്കി റിപ്പബ്ലിക്കിലെ ഇസ്‌ലാമിക ചിന്തകരുടെ ആദ്യ തലമുറയുടെ അന്വേഷണം പാശ്ചാത്യ നവോത്ഥാനത്തിന്‍റെ മുന്നില്‍ മുസ്‌ലിം സമൂഹം എന്ത്കൊണ്ട് അധപതനം നേരിട്ടു എന്നതായിരുന്നു എങ്കില്‍ ആധുനിക ലോകത്തോട് ഇസ്‌ലാം എങ്ങനെ സംവദിക്കണം എന്നായിരുന്നു 1960 കളില്‍ സയ്യിദ് ഖുത്വുബ്, മൗലാനാ മൗദൂദി പോലുളള പണ്ഡിതര്‍ ചിന്തിച്ചതെന്ന് അലി ബുലാജ് സമര്‍ത്ഥിക്കുന്നുണ്ട്. തുര്‍ക്കിയിലെ പ്രതിലോമകരമായ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ കൂടുതല്‍ ക്രിയാത്മകവും, ശുഭാപ്തി വിശ്വാസം നിറഞ്ഞതുമായ ഇവരുടെ രചനകള്‍ മുസ്‌ലിം ബുദ്ധിജീവികളെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് കെനാന്‍ ചാഗിറും രേഖപ്പെടുത്തുന്നുണ്ട്.
നാഷണല്‍ ഔട്ട്ലുക് മൂവ്മെന്‍റിലെ സ്വാധീനം
നാഷണല്‍ ഔട്ട്ലുക്ക് മൂവ്മെന്‍റിന്‍റെ രൂപീകരണത്തിലും വളര്‍ച്ചയിലും ശൈഖ് സാഹിദ് കോത്കുവിന്‍റെ ചിന്തകളും നഖ്ഷബന്ദി സില്‍സിലയുടെ സാമൂഹിക അടിത്തറയും പ്രവര്‍ത്തന ഭൂമിക ഒരുക്കി കൊടുത്തുവെങ്കിലും മൗലാനാ മൗദൂദിയുടെയും സയ്യിദ് ഖുത്വുബിന്‍റെയും ചിന്തകള്‍ കമാലിസ്റ്റ് സെക്കുലറിസ്റ്റ് ഘടനക്കെതിരെ ഇസ്‌ലാമിക അടിത്തറയില്‍ നിന്ന്കൊണ്ട് രാഷ്ട്ര നിര്‍മ്മാണത്തെക്കുറിച്ചും, രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചും സംസാരിക്കാന്‍ പ്രചോദനം നല്‍കി. നജ്മുദ്ദീന്‍ അര്‍ബകാന്‍ സയ്യിദ് ഖുതുബില്‍ ഏറെ ആകൃഷ്ടനായിരുന്നു. സയ്യിദ് ഖുത്വുബിന്‍റെ ഇസ്‌ലാമിന്‍റെ സാര്‍ലൗകികത, സാമൂഹ്യ വ്യവഹാരങ്ങളില്‍ ഇസ്‌ലാമിന്‍റെ സജീവമായ സാന്നിധ്യം, മുസ്‌ലിം ഉമ്മ കേന്ദ്രീകൃതമായ സയ്യിദ് ഖുതുബിന്‍റെ വീക്ഷണങ്ങള്‍ എന്നിവയിലെല്ലാം അര്‍ബകാന്‍ ഏറെ താല്‍പര്യമെടുത്തിരുന്നു. നിലോഫര്‍ ഗുലെ, അലി ബുലാജ്, ഇസ്മത് ഓസലിനെ പോലുളള പണ്ഡിതന്മാര്‍ പാശ്ചാത്യ ആധുനികതയോട് രാജിയാവാതെ ഇസ്‌ലാമിനെ പുനര്‍നിര്‍മിക്കുന്നതില്‍ ഇവരുടെ സ്വാധീനമെങ്ങനെയാണ് ചാലകശക്തിയായി മാറുന്നത് എന്ന് വിശകലനം ചെയ്യുന്നുണ്ട്. 1970 കളില്‍ നാഷണല്‍ ഔട്ട്ലുക്ക് മൂവ്മെന്‍റിനും മുസ്‌ലിം ബ്രദര്‍ഹുഡിനും ഇടയില്‍ ബൗദ്ധികമായ ബന്ധം നിലനിന്നിരുന്നു. റാശിദുല്‍ ഗന്നൂശി അര്‍ബകാനെ ജ്യേഷ്ഠ സഹോദരന്‍ എന്നാണ് വിശേഷിപ്പിക്കാറുളളത്. അറബ് നാടുകളില്‍ എന്‍റെ തലമുറ ഇസ്‌ലാമിക പ്രസ്ഥാനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഹസനുല്‍ ബന്നയെയും, സയ്യിദ് ഖുതുബിനെയും പോലെ അര്‍ബകാനെയും കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നെന്ന് ഗന്നൂശി ഓര്‍മ്മിക്കുന്നു.
ബദീഉസമാന്‍ സയ്യിദ് നൂര്‍സിയുടെ ശിഷ്യനായിരുന്ന സാലിഹ് ഒസ്ജാന്‍ (1925- 2015) ആധുനിക തുര്‍ക്കിയിലെ ഇസ്‌ലാമിക നവോത്ഥാന ചിന്തകരില്‍ പ്രധാനിയാണ്. 1977- 80 കാലഘട്ടങ്ങളില്‍ അര്‍ബക്കാനിന്‍റെ ‘നാഷണല്‍ സാല്‍വേഷന്‍ പാര്‍ട്ടി’യുടെ എംപി ആയിരുന്നു അദ്ദേഹം. ‘തുര്‍ക്കിയെ വെ ഇസ്‌ലാം ആലമി’ (തുര്‍ക്കിയും ഇസ്‌ലാമിക ലോകവും) എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിക ലോകത്തിലെ ചിന്തകളെയും അവ തുര്‍ക്കിയില്‍ സൃഷ്ടിച്ച സ്വാധീനത്തെയും കുറിച്ച് വിവരിക്കുന്നുണ്ട്. 1956-ല്‍ അദ്ദേഹം സ്ഥാപിച്ച ഹിലാല്‍ പബ്ലിക്കഷന്‍സ് മൗദൂദി, സയ്യിദ് ഖുത്വുബടക്കമുളള നിരവധി ചിന്തകരുടെ രചനകള്‍ തുര്‍ക്കിയിലേക്ക് ഭാഷാന്തരം ചെയ്തു. 1958-ല്‍ മൗലാന മൗദൂദിയുടെ ‘System of Life’ എന്ന പുസ്തകത്തിന്‍റെ ആമുഖത്തില്‍ കൃത്രിമ ദേശീയതയെ പരാജയപ്പെടുത്തുകയും അവരുടെ സിദ്ധാന്തങ്ങളില്‍ നിന്നും മുസ്‌ലിം ഉമ്മത്തിനെ മോചിപ്പിക്കാനും കഴിയുന്ന രചനയാണ് ഇതെന്ന് ഒസ്ജാന്‍ കുറിച്ചു. സാമ്രാജ്യത്വം, സയണിസം എന്നവയ്ക്കെതിരെ ഇസ്‌ലാമിക പക്ഷത്ത് നിന്നും ശക്തമായ ശബ്ദമുയര്‍ത്തിയ സയ്യിദ് ഖുത്വുബിന്‍റെയും മൗലാനാ മൗദൂദിയുടെയും രചനകള്‍ തുര്‍ക്കിയിലെ ഇസ്‌ലാമിക ചിന്താപരിസരത്ത് നന്നായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. 1965-ല്‍ ‘The Genuine Muslim’ എന്ന പേരില്‍ സയ്യിദ് ഖുത്വുബിന്‍റെ രചനകള്‍ ഹിലാല്‍ പബ്ലികേഷന്‍ പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഖുത്വുബിന്‍റെ ‘Social Justice in Islam’, ‘The Religion is Islam’ എന്നീ രചനകള്‍ പ്രസിദ്ധീകരിച്ചു. 1970 ല്‍ സയ്യിദ് ഖുത്വുബിന്‍റെ തഫ്‌സീറായ ‘ഫീ ളിലാലില്‍ ഖുര്‍ആന്‍’ തുര്‍ക്കി ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. കുവൈറ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ച ‘International Islamic Federation of Students Organizations’ എന്ന സംഘടന സയ്യിദ് ഖുതുബിന്റെ മറ്റു രചനകളും തുര്‍ക്കിഷിലേക്ക് ഭാഷാന്തരം ചെയ്തു. സാലിഹ് ഒസ്ജാനിന്‍റെ ഹിലാല്‍ പബ്ലിക്കേഷനും അദ്ദേഹത്തിന്‍റെ വൈജ്ഞാനിക സംഭാവനകളും തുര്‍ക്കിയിലെ ഇസ്‌ലാമിക വ്യവഹാരങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
‘ഓസ്ഗുര്‍ ദേര്‍’
‘ഓസ്ഗുര്‍ ദേര്‍’ എന്ന ഇസ്‌ലാമിക സംഘടന 1999 മുതല്‍ മൗലാനാ മൗദൂദിയുടെയും, സയ്യിദ് ഖുത്വുബിന്‍റെയും ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. സ്കാര്‍ഫ് നിരോധനത്തിനെതിരെ ഇസ്താംബൂളില്‍ ഉയര്‍ന്ന് വന്ന ഈ സംഘനട സെക്കുലറിസം, ദേശീയത, മിലിട്ടറിസം എന്നിവയെ മൗലാനാ മൗദൂദിയുടെയും, സയ്യിദ് ഖുതുബിന്‍റെയും ചിന്തകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശന വിധേയമാക്കുന്നു. ഓസ്ഗുര്‍ ദേര്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ ഹംസ തുര്‍ക്‌മെന്‍ സയ്യിദ് ഖുത്വുബിന്‍റെ ചിന്തകളെ പ്രത്യേകം പഠനവിധേയമാക്കുന്നുണ്ട്. സയ്യിദ് ഖുത്വുബിന്‍റെ ചിന്തകളുടെ അടിസ്ഥാനം ഒരു ഖുര്‍ആനിക തലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഖുര്‍ആനിക പാഠങ്ങളുടെയും ധാര്‍മ്മിക ശിക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് മുസ്‌ലിം സമുദായത്തിന്‍റെ കര്‍ത്തവ്യമാണെന്ന് സയ്യിദ് ഖുത്വുബ് വീക്ഷിച്ചു. ജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും ദൈവിക പരമാധികാരത്തെ അംഗീകരിക്കാത്തവരും, ദൈവിക വിധിയുടെ അടിസ്ഥാനത്തില്‍ ഭരിക്കപ്പെടാത്തതുമായ എല്ലാ സാമൂഹിക ഘടനയെയും, വ്യവസ്ഥയെയുമാണ് സയ്യിദ് ഖുത്വുബ് ജാഹിലിയ്യത്ത് എന്ന ഇസ്‌ലാമിക പദം കൊണ്ടുദ്ദേശിച്ചതെന്ന് തുര്‍ക്‌മെന്‍ വിശദീകരിക്കുന്നു. ‘മബാദിഉമര്‍ ഇസ്‌ലാം’ എന്ന മൗലാനാ മൗദൂദിയുടെ ഗ്രന്ഥത്തില്‍ നിന്നാണ് സയ്യിദ് ഖുത്വുബ് ജാഹിലിയ്യത്തിനെ കടമെടുത്തതെന്ന് അദ്ദേഹം പറയുന്നു. ഒരു ചരിത്രഘട്ടം എന്നതിലുപരി ഇസ്‌ലാമില്‍ നിന്നകന്ന് ജീവിക്കുന്ന ഏതൊരു സാഹചര്യത്തെയുമാണ് ‘ജാഹിലിയത്ത്’ എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ‘സിവില്‍ ഇസ്‌ലാ’മിനു പകരം സ്റ്റേറ്റ് കേന്ദ്രീകൃതമായ ‘ഫോര്‍മല്‍ ഇസ്‌ലാം’ എന്ന ഭാവനയുടെ വളര്‍ച്ചയ്ക്കാണ് സയ്യിദ് മൗദൂദിയുടെയും, ഖുതുബിന്‍റെയും ചിന്തകള്‍ വഴിവെച്ചതെന്ന അലി ബുലാജിന്‍റെ നീരീക്ഷണത്തെ തുര്‍ക്‌മെന്‍ ഖണ്ഡിക്കുന്നുണ്ട്. ഇസ്‌ലാഹ്, സുനനുളള തുടങ്ങിയ ഇസ്‌ലാമിക പാരമ്പര്യത്തില്‍ തന്നെയുളള ആശയങ്ങളെക്കുറിച്ച അവരുടെ ചിന്തകള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇതിന് കാരണം എന്നദ്ദേഹം വിശദീകരിക്കുന്നു.
തര്‍ബിയ്യത്ത്, ധാര്‍മ്മികത, വിശ്വാസം എന്നിവയിലധിഷ്ഠിതമായ ക്രമപ്രകൃതമായ രാഷ്ട്രീയ വ്യവസ്ഥയാണ് സയ്യിദ് ഖുത്വുബ് വിഭാവന ചെയ്തതെന്നും അദ്ദേഹത്തിന്‍റെ ചിന്തകളെ മനസ്സിലാക്കുന്നതില്‍ സഹപ്രവര്‍ത്തകരും, സലഫികളും പരാജയപ്പെട്ടിട്ടുണ്ടെന്നും തുര്‍ക്‌മെന്‍ വിശദീകരിക്കുന്നു. സയ്യിദ് ഖുത്വുബിന്‍റെ ‘വഴിയടയാളങ്ങള്‍’ ആണ് തുര്‍ക്കിയിലെ ഇസ്‌ലാമിക നവജാഗരണത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ‘ഓസ്ഗുര്‍ ദേറി’ ന്‍റെ ചര്‍ച്ചകളെ നിയന്ത്രിക്കുന്ന ബുലന്ത് യില്‍മാസിന്റെ അഭിപ്രായത്തില്‍ സ്റ്റേറ്റ് കേന്ദ്രീകൃതമായ ഇസ്‌ലാമിക ഭരണം നടപ്പിലാക്കുക എന്നതിലുപരി ഖുര്‍ആനിലേക്ക് മടങ്ങുക എന്നതായിരുന്നു സയ്യിദ് ഖുതുബിന്‍റെ രചനകളുടെ അടിസ്ഥാനം. പാശ്ചാത്യാനുകൂല, ലിബറല്‍ നിലപാടുകള്‍ സ്വീകരിക്കുന്ന എ കെ പാര്‍ട്ടിയെ വിമര്‍ശിക്കാനും സയ്യിദ് ഖുത്വുബിന്‍റെ ചിന്തകള്‍ തന്നെയാണ് ‘ഓസ്ഗുര്‍ ദേര്‍’ അടിസ്ഥാനമാക്കുന്നത്. പോരാട്ടം, നീതി, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങള്‍ പേറുന്ന ഈ സംഘടനയുടെ കൊടിതന്നെ മൗലാനാ മൗദൂദിയും സയ്യിദ് ഖുതുബടക്കമുളള ചിന്തകന്മാരുടെ ആശയങ്ങള്‍ക്കനുസരിച്ചാണുളളത്.
സയ്യിദ് ഖുത്വുബിന്‍റെ ‘അമേരിക്കന്‍ ഇസ്‌ലാം’ എന്ന ആശയം തുര്‍ക്കി സമൂഹത്തില്‍ ധാരാളം ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്‌ലാമിനെ പളളികളിലും, വീടുകളിലും, ഖാന്‍ഗാഹുകളിലും തളച്ചിടുകയും ഒരു കൂട്ടം ആചാരാനുഷ്ഠാനങ്ങള്‍ മാത്രമായി വീക്ഷിക്കുകയും ജീവിതത്തോടും, രാഷ്ട്രീയത്തോടുമുളള ഇസ്‌ലാമിന്‍റെ ബന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുക എന്ന സാമ്രാജ്യത്വ പദ്ധതിയെയാണ് ‘അമേരിക്കന്‍ ഇസ്‌ലാം’ എന്നതുകൊണ്ട് സയ്യിദ് ഖുത്വുബ് വിവക്ഷിക്കുന്നത്. ‘അമേരിക്കന്‍ ഇസ്‌ലാം’ എന്ന സാങ്കേതിക സംജ്ഞ ഉപയോഗിച്ച് കൊണ്ടുതന്നെ എ. കെ പാര്‍ട്ടിയുടെ രാഷ്ട്രീയ വീക്ഷണത്തെ വിമര്‍ശിക്കുന്നുണ്ട് ഹംസ തുര്‍ക്‌മെന്‍. സെക്കുലര്‍ രാഷ്ട്രത്തിന്‍റെ രാഷ്ട്രഘടന അംഗീകരിച്ച് കൊണ്ട് തന്നെ വിശ്വാസം, ഐഡന്‍റിറ്റി, ജീവിതരീതി എന്നിവയാക്കി ഇസ്‌ലാമിനെ പ്രതിഷ്ഠിക്കുകയാണ് എ. കെ. പാര്‍ട്ടി ചെയ്യുന്നതെന്ന് ഇവര്‍ വിശദീകരിക്കുന്നു.
അറബ് വസന്താനന്തര തുര്‍ക്കി മത- രാഷ്ട്രീയ പരിസരങ്ങളില്‍ സയ്യിദ് ഖുത്വുബിന്‍റെ ജാഹിലിയ്യത്ത്, ശഹാദത്ത് തുടങ്ങിയ ആശയങ്ങളുടെ പുതിയ വായനകള്‍ സജീവമാണ്. ‘റാബിയത്തുല്‍ അദബിയ്യ’ സ്ക്വയറില്‍ നടന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്‍റെ പോരാട്ടം സയ്യിദ് ഖുത്വുബിന്‍റെ ‘ശഹാദത്ത്’ എന്ന ആശയത്തിന്‍റെ സാക്ഷാത്കാരമായിരുന്നുവെന്ന് അബ്ദുറഹ്മാന്‍ ദിലിപക് വീക്ഷിക്കുന്നു. ഈ സംഭവത്തെ തുര്‍ക്‌മെന്‍ വിശദീകരിക്കുന്നത്, ഈജിപ്തിനപ്പുറം ദേശാനന്തരമായ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നാണ്. മുസ്‌ലിം ബ്രദര്‍ഹുഡിന്‍റെ പണ്ഡിതന്മാര്‍, മൗലാനാ മൗദൂദി, അലി ശരീഅത്തിയെ പോലുളള ചിന്തകരുടെ രചനകളാണ് തങ്ങളുടെ പ്രത്യയശാസ്ത്രത്തിലും പ്രവര്‍ത്തനരീതികളിലും ഏറെ സ്വാധീനം ചെലുത്തിയതെന്ന് പണ്ഡിതനും എ. കെ പാര്‍ട്ടി നേതാവുമായ മെഹ്മത് മെതിനെര്‍ തന്‍റെ ശരീഅത്ത്, ഡെമൊക്രസി എന്നിവയെക്കുറിച്ച ഗ്രന്ഥത്തില്‍ പരമാര്‍ശിക്കുന്നു. സയ്യിദ് ഖുത്വുബിന്‍റെ മുതലാളിത്ത വിരുദ്ധ ചിന്തകള്‍ തുര്‍ക്കിഷ് പണ്ഡിതന്മാരെ ഏറെ സ്വാധീനിച്ചിരുന്നതിനാല്‍ ‘ഗ്രീന്‍ കമ്മ്യൂണിസ്റ്റുകള്‍’ എന്നാണ് വലതുപക്ഷ ബുദ്ധിജീവികള്‍ അവരെ വിളിച്ചിരുന്നത്. അലി ശരീഅത്തിയുടെ രചനകളും സയ്യിദ് ഖുത്വുബിന്‍റെ ‘സോഷ്യല്‍ ജസ്റ്റിസ് ഇന്‍ ഇസ്‌ലാം’ എന്ന രചനയും ലെഫ്റ്റിസ്റ്റ് ആശയങ്ങളോട് അനുകമ്പ സൃഷ്ടിച്ചിരുന്നുവെന്ന് മെതിനെര്‍ എഴുതുന്നു. തുര്‍ക്കിയിലെ ഖുര്‍ആന്‍ പഠന ചര്‍ച്ചകളില്‍ മൗലാനാ മൗദൂദിയുടെയും സയ്യിദ് ഖുത്വുബിന്‍റെയും ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ യഥേഷ്ടം ഉപയോഗിക്കപ്പെടുന്നുണ്ട്. പാശ്ചാത്യ ആധുനികതയ്ക്കു മുമ്പില്‍ അപകര്‍ഷതാബോധം അനുഭവപ്പേടേണ്ടതില്ലെന്നും തുര്‍ക്കിയില്‍ ഇടത്- വലത് രാഷ്ട്രീയ വിഭാഗങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കാനും മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ക്ക് പ്രചോദനം നല്‍കിയത് ഈ പണ്ഡിതന്മാരുടെ ചിന്തകളാണ്.
http://campusalive.in/turkey-maulana-maudoodi-sayyid-qutub/
Comments